Monday, July 23, 2012

പര്‍ദ്ധയിടാത്ത നായരുകുട്ടി


പ്രവാസികൾക്ക് നാട്ടിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെന്നു കേട്ടാൽ ആർത്തിയാണ്. കാരണം അവർ കൊണ്ടുവരുന്ന നാടൻ ഭക്ഷണങ്ങളെ പറ്റി ഓർത്തിട്ടാണ്. ഒരു പ്രവാസി നാട്ടിലേക്കു പോകുമ്പോൾ കൂടുതൽ ഫ്രണ്ട്സ് യാത്രയയക്കാൻ വന്നോളണമെന്നില്ല. എന്നാൽ വെക്കേഷൻ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ സമയത്തിനു മുമ്പെ തന്നെ കൂട്ടുകാരെല്ലാം കാത്തിരിപ്പു തുടങ്ങും. മലപ്പുറം ജില്ലയിൽ നിന്നു വരുന്നവർ കാര്യമായിട്ടു കൊണ്ടു വരുന്ന വിഭവങ്ങൾ പത്തിരി, ബീഫ്, അപ്പങ്ങൾ, ചക്ക/മാങ്ങ, അച്ചാർ, ഹലവ തുടങ്ങിയവയാണ്.



അങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ, നാട്ടിലെ അയൽവാസിയും, “വൈദ്യർ“ എന്നു ഞാൻ വിളിക്കുന്നതുമായ സുഹ്ര്യത്തിനെ കൂട്ടികൊണ്ടു വരാൻ രാത്രി 8 മണിക്ക് ജിദ്ധ അജ്നബി (ഫോറിൻ എയർലൈൻ ടെർമിനൽ) എയർപോർട്ടിൽ പോവണമെന്നു പ്ലാൻ ചെയ്തിരിക്കുമ്പോഴാണു നാട്ടിൽ നിന്നും ഞങ്ങളുടേ ഖതീബ് ഉമ്രയ്ക്ക് വരുന്നുണ്ടെന്നും, അവരെ കൂട്ടാൻ എയർപോർട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞ് ജേഷ്ടൻ വിളിച്ചത്. മക്കയിൽ നിന്നും വന്ന ചേട്ടനെ കാണാൻ വേണ്ടി ഓഫീസിലെ അത്യാവശ്യം ജോലികളെല്ലാം തീർത്ത് റൂമിൽ പോയി വാലറ്റും, ഇഖാമ-ലൈസൻസ് എന്നിവയുമെടുത്ത് എയർപോർട്ടിലേക്കു നേരത്തെ തന്നെ പുറപ്പെട്ടു. പക്ഷെ; മദീന റോഡിലെ തിരക്കു കാരണം സമയത്തിനെത്താൻ പറ്റാത്തതുകൊണ്ട് എനിക്കു ജേഷ്ടനെയും ഖതീബിനേയും കാണാൻ പറ്റിയില്ല. അവർ മക്കയിലേക്കു പോവുകയാണെന്നു പറഞ്ഞു വിളിച്ചിരുന്നു. കൂട്ടുകാരൻ എത്താൻ ഇനിയും സമയമെടുക്കും. എയർപോർട്ടിൽ ഇരിക്കുന്നത് ശരിയല്ല എന്നു കരുതി ബവാദിയിൽ പോയി ചെറിയൊരു ഷോപ്പിങ്ങ് നടത്തി. മഗ്രിബ് നമസ്കരിച്ച ശേഷം വീണ്ടും എയർപോർട്ടിലേക്കു തന്നെ മടങ്ങി. ട്രാഫിക്കിലെ കാത്തിരുപ്പുകൾക്കിടയിൽ നല്ല വിശപ്പ്..... എന്തെങ്കിലും കഴിച്ചാലോ എന്നൊരു തോന്നൽ... കൂടുതൽ കഴിച്ചാൽ വിമാനം കയറി വരുന്ന പത്തിരിയും ബീഫും കഴിക്കാൻ റിസ്കായിരിക്കും... അങ്ങിനെ ചെറിയൊരു സൂപ്പർമാർക്കറ്റിൽ കയറി സ്ട്രോബറി-മിൽക്കും രണ്ട് ഗാലക്സി ചോക്കലേറ്റും വാങ്ങി കഴിച്ചു.

എയർപോർട്ടിലെ പാർക്കിങ്ങ് ഏരിയയിൽ കാറ് നിർത്തിയിട്ട് അറൈവൽ ലോഞ്ചിലേക്കു നടന്നു. ഇടക്കൊന്നു കൂട്ടുകാരനെ വിളിച്ചപ്പോൾ ഇമിഗ്രേഷൻ കഴിഞ്ഞു.. ലഗ്ഗേജ് എത്താൻ കാത്തിരിക്കുകയാണെന്നു പറഞ്ഞു. ആ കാത്തിരുപ്പ് ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടു. എയർ ഇന്ത്യയിലെ അമ്മച്ചിമാർ (ഹോസ്റ്റസുമാർ) വരിയായി പോക്കുന്നത് നോക്കിയിരികുമ്പോളാണ്, ഒരു പാവം നായർ പെൺകുട്ടി (അങ്ങിനെ തോന്നി) എമിഗ്രേഷൻ കഴിഞ്ഞ് പുറത്തേക്കു വരുന്നത് എന്റെ കണ്ണിൽ പെട്ടത്. ഇവിടുത്തെ നിയമങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നു തോന്നുന്നു. ചുരിദാറും.. നെറ്റിയിൽ ചന്ദനഭസ്മ കുറിയും ഒക്കെയിട്ടാണു വന്നത്. പർദ്ധയിടണമെന്നുള്ള കാര്യം അവളോട് ആരും പറഞ്ഞിട്ടുണ്ടാവില്ലായിരിക്കും. ചെറിയ ഒരു ബാഗും സർട്ടിഫികറ്റുകൾ ഇട്ട ഒരു ഫോൾഡറും മാത്രമേയുള്ളൂ അവളുടെ കൈകളിൽ.

അറൈവൽ ലോഞ്ചിലെത്തിയ നാ‍യരുകുട്ടി, ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയുന്ന പോലെ എല്ലായിടത്തേക്കും നോക്കുന്നു. അവൾ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്. ഉദ്ധേശിച്ച ആളെ കാണാത്തതുകൊണ്ടാവാം എന്തോ അങ്കലാപ്പ് അവളെ അലട്ടുന്നുണ്ടെന്നു തോന്നുന്നു. കണ്ണുകളിൽ അവളുടെ മനസ്സിലെ ഉൾഭയം നിഴലിച്ചു കാണുന്നുണ്ടായിരുന്നു. ഞാൻ അവളുടേ പ്രവ്യത്തി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടക്ക് അടുത്തു നിൽക്കുന്ന ആളുകളുടെ മുഖത്തേക്ക് ദയനീയമായി നോക്കുന്നു. അവൾ ആകെ അപ്സെറ്റായിരുന്നു.. കരയാൻ വെമ്പി നിൽക്കുന്ന മുഖം. എന്തു പറ്റിയാവോ.. ലഗ്ഗേജ് മിസ്സാ‍യോ..?? ആരും പിക്ക് ചെയ്യാൻ വന്നില്ലേ..??

ഓ.. എന്തേലുമാവട്ടെ.. എന്നു കരുതി മൊബലിൽ ഫെയ്സ്ബുക്ക് സ്റ്റാറ്റസായി “പത്തിരിയും ബീഫും വരുന്ന കാര്യം” പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാരുന്ന എന്റെയടുത്ത് വന്നിട്ട് അവൾ ചോദിച്ചു.

“എക്സ്ക്യൂസ്മീ സർ, ആർ യു ഫ്രം കേരള..?”.

“എസ് പ്ലീസ്” എന്ന എന്റെ മറുപടി കേട്ടപ്പോൾ അവളുടെ കണ്ണുകളിലുണ്ടായ തിളക്കം എനിക്കിപ്പോഴും ഓർമ്മ വരുന്നു. “വാട്ട് ഹാപ്പൻഡ്.....എന്താണു പ്രശ്നം“ എന്ന എന്റെ ചോദ്യത്തിനു അവൾ പറഞ്ഞ മറുപടി ഇതാണ്.

“ഇവിടെ ഞാൻ ആദ്യമായിട്ടു വരികയാണ്. ********* എന്ന ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്സ് വിസയിലാണു വന്നത് . കൂട്ടികൊണ്ടു പോകാൻ ആരും വന്നിട്ടില്ല. വരുമെന്നു പറഞ്ഞിരുന്നു. എന്റെ പരിചയക്കാർ ആരുമില്ല ഇവിടെ. വിളിച്ചു നോക്കാൻ ഫോണും ഇല്ല. ആകെ ഭയമാകുന്നു. സാർ ഈ നമ്പറിൽ വിളിച്ചു നോക്കുമോ..” അവൾ പറഞ്ഞു നിർത്തി.

“പേടിക്കേണ്ട കുട്ടീ... ആദ്യം ഇവിടെയിരിക്കൂ.. ഹോസ്പിറ്റലിലെ നമ്പർ തരൂ. ഞാൻ വിളിച്ചു നോക്കട്ടെ” എന്നു പറഞ്ഞ് അവളുടെയടുത്തു നിന്ന് നമ്പർ വാങ്ങി വിളിച്ചു നോക്കി. നമ്പർ തിരക്കിലാണ്. രണ്ടാമത്തെ നമ്പറിലും ശ്രമിച്ചു... കിട്ടുന്നില്ല. വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോൾ ഓപ്പറേറ്റർ ഫോൺ എടുത്തു. ആളോട് കാര്യം പറഞ്ഞപ്പോൾ
“സർ.. ഗിവ് മി യുവർ മൊബൈൽ നമ്പർ. ഐ വിൽ കാൾ യു ബാക്ക് ആഫ്റ്റർ കൺഫേമിങ്ങ് വിത്ത് അവർ എച്ച്.ആർ. മാനേജർ” എന്നു പറഞ്ഞു.
“ഓക്കേ...പ്ലീസ്...ഡോണ്ട് ബി ലേറ്റ്” എന്നു പറഞ്ഞ് ഞാൻ ഫോൾ കട്ട് ചെയ്ത് തിരിച്ചു വിളിക്കുന്നതും കാത്ത് ഇരുന്നു.

ഈ സമയം അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളെ കുറിച്ചും, വീട്ടിലെ കാര്യങ്ങളും പഠനത്തെ കുറിച്ചുമെല്ലാം ചോദിച്ചു. എന്റെയടുത്തുണ്ടായിരുന്ന വെള്ളം കുടികാൻ കൊടുത്തു. സുഹ്യത്തിനെ കൂട്ടികൊണ്ട് പോകാൻ വന്നതാണെന്നും, അവൻ ഉടനെ വരുമെന്നും അവളോട് പറഞ്ഞു. അപ്പോഴേക്കും എന്റെ കൂട്ടുകാരൻ ട്രോളിയും ഉന്തി ഞങ്ങളുടെയടുത്തെത്തി. ഹോ.. എനിക്കു പോകണമല്ലോ...ആശുപത്രിയിൽ നിന്നു തിരിച്ചു വിളിക്കുന്നില്ല. അങ്ങോട്ട് വിളിച്ചിട്ട് നമ്പർ തിരക്കിലും. എത്ര നേരം കാത്തിരിക്കും. എന്തു ചെയ്യും..??

അവസാനം അവളോട് പറഞ്ഞു. “കുട്ടി പേടിക്കേണ്ട. സമാധാനമായിരിക്കൂ.. ഹോസ്പിറ്റലിൽ നിന്നും ആളെ വിട്ടിട്ടുണ്ടാവും. ഇവിടെ എല്ലായിടത്തും പാലങ്ങളുടേയും മറ്റും പണി നടന്നു കൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ ട്രാഫിക്കിൽ കാത്തിരിക്കേണ്ടി വരും. അവർ അങ്ങിനെ പെട്ടതായിരിക്കും. എത്ര വൈകിയാലും അവർ വരും. ഇവിടെ നിന്നു എങ്ങോട്ടും പോവരുത്. മറ്റുള്ളവരോടോന്നും സംസാരിക്കേണ്ട. പ്രത്യേകിച്ച് നിങ്ങളൂടെ ആശുപത്രിയുടെ പേര് പറയരുത്. ആശുപത്രിയിൽ നിന്നും വരുന്ന ആളോട് പേരും, ആശുപത്രിയുടേ പേരും, ഐഡന്റിറ്റി നോക്കി കണ്ഫേം ചെയ്തിട്ടും മാത്രം അവരുടെ കൂടെ പോയാൽ മതി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആരോടെങ്കിലും മൊബൈൽ വാങ്ങി എന്റെ നമ്പറിലേക്ക് വിളിച്ചോളൂട്ടോ. ഇതാ എന്റെ നമ്പർ” എന്നു പറഞ്ഞ് ബിസിനസ് കാർഡ് എടുത്ത് കൊടുത്തു.

“നിങ്ങളെ കൂട്ടികൊണ്ടു പോകാൻ ആൾ വരുന്നതു വരെ കാത്തിരിക്കണമെന്നുണ്ട്. പക്ഷെ.. കൂട്ടുകാരനുള്ളതു കൊണ്ട് പോകാതിരിക്കാൻ വയ്യ. ഐ ആം സോ സോറി“ എന്നു പറഞ്ഞ് ഞാനും കൂട്ടുകാരനും കൂടി കാർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു.

ഞങ്ങൾ എയർപോർട്ടിൽ നിന്നും മടങ്ങി. കൂട്ടുകാരൻ കൊണ്ടു വന്ന പത്തിരിയും, ബീഫും കഴിച്ചു. എന്റെ റൂമിലേക്കു കൊണ്ട് പോകാൻ വേണ്ടി, മാങ്ങ, നുറുക്ക്, അച്ചാർ, നേന്ത്രപ്പഴം തുടങ്ങിയവ ഒരു കവറിലാക്കി വെച്ചു. പക്ഷെ അപ്പോഴും എന്റെ മനസ്സ് എയർപോർട്ടിൽ തന്നെയായിരുന്നു. വല്ല മിസ്സ്ഡ് കോളും വരുന്നുണ്ടോ എന്നു ഇടക്ക് എടുത്തു നോക്കി.

ഇല്ല.. ഹോസ്പിറ്റലിൽ നിന്നു പോലും വിളിക്കുന്നില്ല. എന്താണാവോ. മനസ്സിനൊരു ആധി. സമയം രാത്രി രണ്ടു മണിയായി. കൂട്ടുകാരനോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി നേരെ വീണ്ടും മുപ്പത് കിലോമീറ്റർ അകലെയുള്ള എയർപോർട്ടിലേക്കു വിട്ടു. അറൈവൽ ലോഞ്ചിൽ പോയി അവളെ നോക്കി.......

ഇല്ല.. കാണുന്നില്ല... എവിടെ അവൾ........പോയോ....

എന്തേ അവൾ വിളിക്കാതിരുന്നത്...?? ആരുടേ കൂടെയാണാവോ പോയത്. ഇനി ടൊയിലറ്റിലോ മറ്റോ പോയോ...??

പതിനഞ്ചു മിനുട്ട് കാത്തിരുന്നു. ലേഡീസ് ടോയിലറ്റിന്റ്റെ മുന്നിൽ പോയി നോക്കി. ഇല്ല...... നായരുകുട്ടിയെ കാണുന്നില്ല...... അവൾ പോയിട്ടുണ്ടാവും. ഒന്നു വിളിച്ചൂടായിരുന്നോ അവൾക്ക്. അപകടത്തിലൊന്നും പെടാതിരിക്കട്ടെ റബ്ബേ എന്നു പ്രാർത്ഥിച്ചു എയർപോർട്ടിൽ നിന്നും മടങ്ങി.

ഉറങ്ങാൻ കിടക്കുന്നതിനുമുൻപെ ആശുപത്രിയിലേക്ക് ഒന്നുകൂടെ വിളിച്ച് കാര്യമന്വേഷിച്ചു, അപ്പോഴേക്കും ഓപ്പറേറ്റർ ഷിഫ്റ്റ് മാറിയിരുന്നു. പുതിയ ഓപ്പറേറ്റർക്കും ഒന്നുമറിയില്ല... അല്പം കഴിഞ്ഞു ഒന്നു കൂടെ വിളിക്കുമോ എന്ന് അവർ എന്നോട് ചോദിച്ചു. ശരിയെന്നു പറഞ്ഞ് ഫോൺ വെച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. പിന്നീട് ഞാൻ വിളിച്ചു നോക്കിയില്ല. മനസാക്ഷിയുണ്ടെങ്കിൽ ആ നായരുകുട്ടി തന്നെ വിളിക്കട്ടേ.... അവളുടെയടുത്ത് എന്റെ നമ്പർ ഉണ്ടല്ലോ....

അവൾ വിളിക്കും.. നന്ദി പറയും എന്ന പ്രതീക്ഷയിലാണു ഞാനിപ്പോഴും.......


----------------------------------------------------
നായരുകുട്ടി വിളിച്ചോ എന്നറിയാൻ തുടർന്നു വായിക്കുക -
ഒരു മിസ്സ്ഡ് കോളിൻ മറയത്ത്



.

9 comments:

  1. നല്ലൊരു കുറിപ്പ്.. ? ഞാൻ തന്നെ ഇവിടെ അഞ്ചു മണിക്കൂർ ഇമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് , കാത്തു നിന്ന ആൾ പോയ്ക്കഴിഞ്ഞ് വിളിക്കാൻ മൊബൈലുമില്ലതെ എത്ര കഷ്ടപ്പെട്ടു. അപ്പോൾ ആ കുട്ടിയുടെ പ്രയാസം ആലോചിക്കാം.

    ReplyDelete
  2. വിളിയ്ക്കുമായിരിയ്ക്കും...

    ReplyDelete
  3. ഒരു ദിവസം കഴിഞ്ഞില്ലേ... വിളിച്ചോ....?

    ReplyDelete
    Replies
    1. വിളിച്ചില്ല...... വിളിക്കുമായിരിക്കും അല്ലേ...???

      Delete
  4. വിളിക്കും വിളിക്കാതിരികില്ലാ.....(ഞാനൊന്നും അല്ലലോ ആ കുട്ടി....:)

    ReplyDelete
    Replies
    1. വിളിക്കുമായിരിക്കും....നിങ്ങളാണോ അന്നവിടെ ഉണ്ടായിരുന്നത്..?? ഇങ്ങിനെയൊരു പേരല്ലല്ലോ പറഞ്ഞിരുന്നത്.. :)

      Delete
  5. എന്നിട്ടെന്തായി ഫസലു.! വിളി?

    ReplyDelete
  6. നായരുകുട്ടി വിളിച്ചോ എന്നറിയാൻ തുടർന്നു വായിക്കുക -

    http://fazluarimbra.blogspot.com/2012/08/blog-post.html

    “ഒരു മിസ്സ്ഡ് കോളിൻ മറയത്ത് “

    ReplyDelete