Sunday, February 19, 2012

കൽപടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായതെങ്ങിനെ.…???

സൌദിയിലെ പ്രവാസികൾക്കിടയിൽ സാധാരണ കേൾക്കാറുള്ള ഒരു കഥയുണ്ട്:

ഇന്ത്യയിൽ നിന്നും സൌദിയിലേക്ക് ഒരു സിംഹത്തെ കൊണ്ട് വന്നു. സൌദിയിലെത്തിയ സിംഹത്തിനു ഭക്ഷണമായി കൊടുത്തത് കടലയും പഴവുമായിരുന്നു. നിയമപ്രകാരം അനുവദിക്കപ്പെട്ട ഭക്ഷണം അതായിരുന്നുവത്രെ….!!!. കാരണം ആ സിംഹത്തെ കൊണ്ടു വന്നത് ഒരു “കുരങ്ങന്റെ വിസയിലായിരുന്നു….!!!!!!

*************************************

ഇനി ഞാൻ എന്നെകുറിച്ച് പറയട്ടെ……. കൽപടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായ കഥ…!!!






ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ സൌദിയിലേക്കു വിസ വേണമോ എന്നു ജേഷ്ഠൻ ചോദിക്കാറുണ്ടായിരുന്നു. വീട്ടുകാരെയും, കൂട്ടുകാരെയും വിട്ടുള്ള ഒരു ജീവിതം ഒരിക്കലും ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ഓഫർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്.

സാഹചര്യങ്ങൾ മനുഷ്യനെ മാറ്റിചിന്തിപ്പിക്കും എന്നു കേട്ടിട്ടില്ലേ… അങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ……ഭാഗ്യം തേടി….ജീവിതം പച്ച പിടിപ്പിക്കാൻ….. രണ്ടര ലക്ഷം രൂപ വിസക്കു വേണ്ടി ചെലവാക്കി 2008 ജൂലൈ 19 നു വൈകിട്ടു അഞ്ചു മണിക്കു ഞാൻ ജിദ്ധയിൽ വിമാനമിറങ്ങി.

ഒരു കൂട്ടുകാരന്റെ ഉപദേശമനുസരിച്ച്, റസിഡന്റ് പെർമിറ്റിനപേക്ഷിക്കുമ്പോൾ കൊടുക്കാൻ വേണ്ടി ടൈയും കോട്ടുമിട്ട ഫോട്ടോയൊക്കെ തയാറക്കിയായിരുന്നു വന്നത്. യാത്രാക്ഷീണവും, വിമാനത്തിലെ ഉറക്കവും കാരണമായുണ്ടായ അവസ്ഥയിൽ എയർപോർട്ട് എമിഗ്രേഷനിൽ നിന്നും എടുത്ത ഫോട്ടോ ഇഖാമയിൽ കണ്ടപ്പോൾ ഞാൻ കൊണ്ടു വന്ന ഫോട്ടോ കൊണ്ട് കാര്യമുണ്ടായില്ല എന്നു മനസ്സിലായി. പല കാരണങ്ങൾ കൊണ്ട് നാലു പ്രാവശ്യം ഇഖാമ മാറ്റിയപ്പോഴും ഫോട്ടോ മാറിയില്ല. ഇനിയെന്നാണാവോ അതൊന്ന് മാറ്റാൻ കഴിയുക.

സൌദിയിലെ വിസാ..പ്രൊഫഷൻ നിയമങ്ങളെ കുറിച്ച് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. “പടവുകാരൻ (മേസൺ)“ എന്ന പ്രൊഫഷ്നാണു എന്റേതെന്ന് സൌദിയിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണു എനിക്കു മനസ്സിലായത്. കഷ്ടിച്ച് ഒരു വർഷം മുൻപ് വിവാഹിതനായ എന്റെ സ്വപ്നങ്ങളിൽ ഫാമിലി വിസയും ഉണ്ടായിരുന്നു. എന്നാൽ മേസണ്മാർ ഫാമിലിയെ കൊണ്ടു വരേണ്ട എന്നാണു ഇവിടുത്തെ നിയമമെന്നറിഞ്ഞപ്പോൾ നിരാശ തോന്നി. നാട്ടിൽ നാലഞ്ചു വർഷം പ്രൊഫഷണൽ അക്കൌണ്ടന്റായ് ജോലി ചെയ്ത ഞാൻ നിയമപ്രകാരം ഇവിടെ ഒരു പടവുകാരൻ മാത്രം….!!! ഇതെല്ലാം ഇവിടുത്തെ നിയമത്തിന്റെ നിർവജനത്തിലെ വൈരുദ്ധ്യങ്ങളാണെന്നു പറയാൻ ഞാൻ തയ്യാറല്ല. എങ്ങിനെയെങ്കിലും ഇവിടെ എത്തികിട്ടാൻ വേണ്ടി “ഫ്രീ-വിസ” എന്ന “എക്സസ്-പെയ്ഡ്” വിസയുടെ മോഹന വാഗ്ദാനത്തിലൂടെ ഈ രാജ്യത്തെ നിയമങ്ങളെ പരസ്യമായി വ്യഭിചരിക്കുന്ന നമ്മളല്ലേ തെറ്റുകാർ. ഏതായാലും….. രണ്ട് ഇന്റർവ്യൂകൾക്ക് ശേഷം അറബിപരിഞ്ജാനം നിർബന്ധമില്ലാത്ത ഒരു കമ്പനിയിൽ അഡ്മിനിസ്ടേറ്റീവ് ലെവൽ ജോലിയിൽ ഇപ്പോഴും തുടർന്നു പോകുന്നു.

ഇവിടെയെത്തി രണ്ടു വർഷം ആവറായപ്പോഴാണു ഇഖാമ പുതുക്കണമെന്നും, അതിനായി എനിക്കു “ഫ്രീ-വിസ” തന്ന മഹാനായ സ്പോൺസർക്ക് 7500 സൌദി റിയാൽ കൊടുക്കണമെന്നും ഏജന്റ് പറഞ്ഞത്. 200 റിയാൽ മാത്രം ചെലവുള്ള റീ-എന്റി വിസക്ക് അയാൾ ഈടാക്കിയത് 600 മുതൽ 900 റിയാൽ വരെയാണ്…!!! ചുരുക്കി പറഞ്ഞാൽ ഞാനിവിടെ എന്റെ നാടും വീടും വിട്ട് പലതും സഹിച്ച് ജോലി ചെയ്യുന്നത് എനിക്കോ എന്റെ കുടുമ്പത്തിനോ വേണ്ടിയല്ല സ്പോൺസർക്കും കുടുമ്പത്തിനും വേണ്ടിയാണ് എന്നർഥം. ആയിടക്കാണു അടുത്ത ഇടിത്തീ എന്നു വിശേഷിപ്പിച്ചുകൊണ്ട് “നിതാഖാത്” എന്ന നിയമത്തിന്റെ പ്രവേശനം….!!!

“നിതാഖാത്ത്” എന്ന സ്വദേശിവൽക്കരവുമായി ബന്ധപ്പെട്ട നിയമം എല്ലാവരും അത്യധികം പേടിയോടെയാണു കണ്ടത്. പല രീതിയിലുള്ള കഥകൾ പ്രചരിച്ചു.. ചുവപ്പ് കാറ്റഗറിയിലായതു കാരണം അവധി കഴിഞ്ഞ് വന്നയാളെ വിമാനതാവളത്തിൽ വെച്ച് തന്നെ എക്സിറ്റടിച്ചു എന്നു തുടങ്ങി കഥകളുടെ പ്രയാണം…..എല്ലാം പേടിയോടെയാണു ശ്രവിച്ചത്. എന്നാൽ “നിതാഖാത്” എന്ന നിയമത്തിന്റെ പ്രധാന്യവും, ആവിശ്യകതയും ഇപ്പോഴാണു എല്ലാവർക്കും മനസ്സിലാവുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കേ ആ നിയമത്തെ പേടിക്കേണ്ടതുള്ളൂ.

ഇഖാമ പുതുക്കുന്നതിലേക്ക് (സ്പോൺസർക്ക് റേഷൻ വാങ്ങാൻ) കൊടുക്കാൻ വേണ്ടി സാലറി-ലോൺ വേണമെന്നാവാശ്യപെട്ട് അപേക്ഷ കൊടുത്തപ്പോൾ, എന്റെ ബോസും കമ്പനി ചെയർമാനുമായ ശ്രീ. താരിഖ് അൽ-അഹ്മദ്, സ്പോൺസർഷിപ്പ് എന്തുകൊണ്ട് ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്തു കൂടാ എന്നു ചോദിച്ചു. എന്നാൽ ഇതിനേക്കാൾ നല്ലൊരു ജോലി നോക്കികൊണ്ടിരുന്ന എനിക്ക് അത് സ്വീകാര്യമായിരുന്നില്ല. പക്ഷെ സ്പോൺസറുടെ പിഴിയൽ എന്നെ മാറ്റി ചിന്തിപ്പിച്ചു. സ്പോൺസർഷിപ്പ് മാറാൻ വേണ്ട രേഖകൾക്ക് 5000 റിയാലാണു എന്റെ “കഫീൽ” വിലയിട്ടത്. അതു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം രണ്ടു വർഷത്തേക്ക് 7500 കൊടുക്കുന്ന എനിക്ക് ഇനിയതു കൊടുക്കേണ്ടി വരില്ലല്ലോ…. ഞാൻ വർക്ക് ചെയ്യുന്ന കമ്പനി നിതാഖാതനുസരിച്ച് “ഗ്രീൻ” കാറ്റഗറിയിലായതുകൊണ്ട് എന്റെ സ്പോൺസർഷിപ്പ് മാറ്റം വളരെ സുഖമമായി നടന്നു. പക്ഷെ, അപ്പോഴും ഞാൻ “മേസൺ” തന്നെ….!!!!!

നിതാഖാതിന്റെ സ്നേഹസ്പർശം അനുഭവിക്കാനുള്ള ഭാഗ്യം ഒരിക്കൽ കൂടി എനിക്കുണ്ടായി. “പടവുകാരൻ” എന്ന ലേബലിൽ നടന്നിരുന്ന ഞാൻ ഇപ്പോൾ “കോസ്റ്റ് അക്കൌണ്ടന്റ്” ആയി മാറിയതിലൂടെയാണത്. അതുകൊണ്ട് നിതഖാതിനെ ഞാൻ ഇഷ്ടപ്പ്ടുന്നു. “ദോക്ക ഫോർമ്സ്” എന്ന കമ്പനിയിൽ വർക്ക് ചെയ്യുന്ന റഹീം എന്ന എന്റെ കൂട്ടുകാരൻ പ്രൊഫഷൻ മാറ്റുന്നത് ലളിതമാക്കിയിട്ടുണ്ടെന്നും, ആയതിലേക്കായ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യൽ നിർബന്ധമില്ലെന്നും പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അതിനെ പറ്റി കൂടുതൽ അന്വേഷിച്ചു. ശരിയാണ്. ഇനിയ്പ്പോ ഏതു പ്രൊഫഷൻ എടുക്കും…?? കൺഫ്യൂഷൻ…!! കമ്പനിയിലെ പേർസണൽ മാനേജറെ സമീപിച്ചപ്പോൾ തമാശക്കാരനായ അദ്ധേഹം പറഞ്ഞു.. “കിങ്ങ്” എന്ന പ്രൊഫഷൻ ആക്കിയാലോ….??? എന്നോട് തന്നെ ഒരു പ്രൊഫഷൻ കണ്ടെത്തി വരാൻ പറഞ്ഞു… നമുക്ക് ശരിയാക്കാം എന്ന വഗ്ദാനവും…..!! പലരോടും ചോദിച്ചു… ഗൂഗിൾ ആന്റിയോടും യാഹൂ അപ്പച്ചനോടും, ബിങ്ങനിയനോടും ഒക്കെ..……!!! ഗൂഗിൾ ആന്റിയോട് പല രീതിയിൽ തിരിച്ചും മറിച്ചും ചോദിച്ചിട്ടും യാതൊരു മറുപടിയും ഇല്ല….. വല്ല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ അവർ പറഞ്ഞു… “ ഇത്തരം വിവരങ്ങൾ പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന്…..!!!“…. നിഷ്കളങ്കനായ (?) ഞാൻ അതു വിശ്വസിച്ചു പിന്നീടവരെ ബുദ്ധിമുട്ടിച്ചില്ല…. അവസാനം, എന്റെ തന്നെ കമ്പനിയിൽ വർക്കു ചെയുന്ന “ജൂനിയർ പനഡോൾ“ എന്ന ഓമനപേരുള്ള ചെമ്മാട്ടുക്കാരൻ യാസീക്ക് (അവൻ ഞങ്ങടെ കമ്പനി ക്ലിനിക്കിൽ സെക്ക്രട്ടറിയാണ്. അവിടുത്തെ ഈജിപ്ഷ്യൻ ഡോക്റ്റർ ഏതസുഖത്തിനും “പനഡോൾ-എക്സ്ട്രാ“ രണ്ടു പെട്ടി കൊടുക്കും. ആ ഡോക്ടറുടെ പേരു താവഴിയായി കിട്ടിയതാണു യാസിക്കിന്) എന്ന കൂട്ടുകാരന്റെ അഭിപ്രായത്തിൽ “കോസ്റ്റ് അക്കൌണ്ടന്റ്” എന്ന പ്രൊഫഷൻ തെരഞ്ഞെടുത്തു. അപേക്ഷിച്ചു. അംഗീകരിച്ചു...!!!!!


പടവുകാരനായി സൊദിയിൽ വന്ന ഞാനിപ്പോ കോസ്റ്റ് അക്കൌണ്ടന്റാണ്...ദൈവത്തിനു സ്തുതി....!!!

ഇതാണു എന്റെ ചെറിയൊരു കഥ…. “പടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായ കഥ…….!!! 


അടികുറിപ്പ്: മുകളിലെ കഥയിലെ സിംഹമായി എന്നെ ഞാനൊരിക്കലും ഉദ്ധേശിച്ചിട്ടില്ല……വിഷയത്തിന്റെ ഹ്യദതയ്ക്കു വേണ്ടി പറഞ്ഞുവെന്നേയുള്ളൂ.

No comments:

Post a Comment