Thursday, February 23, 2012

ചില ഓട്ടോഗ്രാഫ് കുറിപ്പുകൾ

എന്റെ കലാലയ ജീവിതത്തിലും, അല്ലാതെയും, എന്തിനേറെ പറയുന്നു.. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ഡൊക്ടർമാരോടും, സിസ്റ്റർമാരോടും, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്നവരോടും, എനിക്കിഷ്ടപ്പെട്ട മറ്റു വ്യക്തികളോടും ഞാൻ ഓട്ടോഗ്രാഫ് വാങ്ങാറുണ്ടായിരുന്നു. യാത്രകളിൽ മിക്കപ്പോഴും എന്റെ കൈവശം ഡയറിയുണ്ടാവും. അങ്ങിനെയൂള്ളവയിൽനിന്നും വൈകാരികതയുള്ള ചില ഓട്ടോഗ്രാഫുകൾ ഞാനിവിടെ ചേർക്കുന്നു. ഒരു പക്ഷെ കൂടുതലും കലാലയ്ത്തിൽ നിന്നുള്ളവയായിരിക്കാം. അതോടൊപ്പം.. അല്പമെകിലും പ്രണയത്തിന്റെ അംശവും!. ചിലത് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ്.ഇംഗ്ലീഷ് വാക്കുകളുടെ വൈകാരികതീവ്രതയിൽ മലയളത്തിലേക്ക് വരുമ്പോൾ ഏറ്റകുറച്ചിലുകൾ സ്വാഭാവികം.





പ്രിയ ഫസൽ… കാമ്പസിലെ ആരവങ്ങളെല്ലാം അവസാനിക്കാറായി. നോവിന്റെ ഈറൻ സ്പർശവുമായ് ഒരു യാത്രാമൊഴി ചോദിക്കേണ്ട സമയം…

ആളും അരങ്ങും ഒഴിഞ്ഞ ഇടനാഴിയിൽ ഒറ്റപ്പെടലിന്റെ വേദനയിൽ പിടഞ്ഞ്…… വീണ്ടും തിരിച്ച് വരാനുള്ള പ്രതീക്ഷയിൽ യാത്ര ചോദിക്കുന്നു. ഇഷ്ടമാണെങ്കിൽ ഒരു ഓട്ടോഗ്രാഫ്.. അല്ലെങ്കിൽ ഒരൊപ്പ്.. ഇതെല്ലാം ഒരു ഫോർമാലിറ്റിക്കു വേണ്ടിയാണെന്ന് ആരറിയുന്നു.. എങ്കിലും നന്മകൾ നേരുന്നു.

“കാല” ത്തിലെ സേതു ചോദിക്കുന്നു.. ഇനിയെന്നു കാണും..?? എപ്പോഴെങ്കിലും, ചിലപ്പോൾ അടുത്ത് തന്നെ.. ചിലപ്പോൾ കണ്ടില്ലെന്നും വരാം. ഒന്നും നേരത്തെ പറയാൻ പറ്റില്ലാല്ലോ..?? കാത്തിരിപ്പിന്റെ പ്രതീക്ഷയിൽ “മഞ്ഞ്” ലെ വിമലയെ ഓർമ്മ വരും. ഇനി എന്താണ് പറയേണ്ടത്, അല്ലെങ്കിലും നമ്മൾ ഒരിക്കലും ഒന്നും പൂർണ്ണമായ് പറയുന്നില്ലല്ലോ… !!

എങ്കിലും നിന്റെ മുന്നോട്ടുള്ള ജീവിത പാന്ഥാവിനു നന്മകൾ നേരുന്നു.. ഓർത്തു നോക്കിയാൽ രസമാണ്. ഒരോർമ്മകുറിപ്പ് പോലെ മറക്കാനാവാത്ത ഒരു അടയാളം പോലെ ഇത് നിങ്ങളുടെ മനസ്സിലെന്നുമുണ്ടാവുമോ…??

(ഗിരിജ)

********************************************************************************************

പ്രേമത്തിലുപരി നിന്നോടെനിക്ക് സ്നേഹമാണു ഫസലൂ… പണ്ടാരോ പറഞ്ഞ പോലെ ഒരു വ്യക്തിയോട് പ്രേമം തോന്നാൻ ഒരു നിമിഷം മതി; പക്ഷെ, സ്നേഹം അതാരോടും പെട്ടെന്നു തോന്നില്ല. ഒരുപാട് കഴിഞ്ഞ് തോന്നുന്നതും ഒത്തിരികാലം നിലനിൽക്കുന്നതുമായ ഒന്നാണു സ്നേഹം.

ഇപ്പോൾ സമയം രാത്രി പതിനൊന്നു മണി. എല്ലാവരും ഉറങ്ങി. നിലാവുള്ള ഈ രത്രിയിൽ, എന്റെ മുറിയുടെ നീല വിരിയിട്ട ജാലകം തുറന്നു നോക്കിയാൽ കുത്തനെ താഴോട്ടൊരിറക്കമാണ്. അവിടെ, ചെറിയ ചെറിയ വീടുകൾ കാണാം. ഇളം നിലാവിൽ മന്ദമാരുതൻ തഴുകിയെത്തുമ്പോൾ കൊച്ചരുവികളും, തോടുകളും, പാടങ്ങളും ഒക്കെ തൊട്ടുതഴുകിയാണു വരുന്നത് എന്നു തോന്നിക്കുന്ന നനുത്ത കുളിർമ്മ. പ്രിയപ്പെട്ട ഫസലൂ… ആ താഴെ കാണുന്ന വയലിൽ നമ്മൾ ഒത്തു കൂടുന്നത് ഞാൻ സ്വപ്നം കാണട്ടെ… ഒരു പാട് സംസാരിക്കാനും, പാട്ടു പാടാനും, സ്വപ്നങ്ങൾ കാണാനുമൊക്കെയായ്…??

ഫസലു ഓർക്കുന്നുണ്ടോ; ഒരിക്കലും ചിരിക്കാത്ത അറബിക് സാറിനെ; ഗൌരവം അഭിനയിക്കുന്ന നമ്മുടെ സ്ട്രിക്റ്റ് മായ ടീച്ചറെ; കണ്ണുരുട്ടി കഥ പറയുന്ന സുജാമേഡത്തെ..കുട്ടികളെ മക്കളെ പോലെ സ്നേഹിക്കുന്ന പ്രിൻസിപ്പാൾ മേഡത്തെ… അങ്ങിനെയൊരു കൂട്ടം ഗുരുനാഥന്മാർക്കിടയിൽ കലപില കാണിക്കുന്ന നമ്മൾ…..എന്തു രസമായിരുന്നു കാമ്പസ് ലൈഫ്…!!!

ഫസൽ; എന്റെ ദുഖങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നീയെന്റെ നല്ലൊരു കൂട്ടുകാരനാണ്. നിനക്കെന്നോട് സ്നേഹമുണ്ടെന്നത് എനിക്കാശ്വാസം നൽകുന്നു. ഒരുപാട് സ്വകാര്യ ദുഖങ്ങൾക്കിടയിൽ ഇനി നമ്മുടെ വേർപാടിന്റെ വേദനയും കൂടി വന്നുവല്ലേ…?? ഈ ഡയറി മുഴുവനും എഴുതി തീർക്കാനുള്ള വ്യഗ്രതയുണ്ടെനിക്ക്. കാറ്റും കോളും നിലച്ചാൽ കടൽ അല്പം ശാന്തമാവുന്ന പോലെ, ഇതെഴുതി കഴിയുമ്പോൾ എന്റെ മനസ്സും ശാന്തമാവുമെന്ന് കരുതുന്നു. പക്ഷെ ഒന്നുണ്ട് അതിനൊരു സ്ഥിരതയുണ്ടാവില്ല.. നീ പറഞ്ഞ ആ വാക്ക് മനസ്സിൽ ഇപ്പോഴും നിഗൂഡമായി അവശേഷിക്കുന്നു. നീ മറന്നുവോ എനിക്കായ് സമർപ്പിച്ച പേരുകൾ.. “വാട്ടർ ബോട്ടിൽ, “മെഴുകുപുരട്ടി”, “ചാളഫ്രൈ”…തുടങ്ങിയവ…??

നിനക്ക് ചിക്കൻപോക്സ് വന്നതും, തല മൊട്ടയടിച്ചതും, മഞ്ഞൾ തേച്ച് കുളിച്ചതും, പിന്നെ ഞങ്ങളായി കോളേജിൽ പറഞ്ഞു പരത്തിയ “ഗോമൂത്രം കൊണ്ടു കുളിച്ച.. ഗോധൂളിയേൽപ്പിച്ച” നിന്റെ ആയുർവേദ ചികിത്സ എന്നിവ എങ്ങിനെ മറക്കാനാടോ… നീയാളൊരു തമാശക്കാരനാണ്. അതുകൊണ്ടുകൂടിയാണു എല്ലാ പെൺകുട്ടികൾക്കും നിന്നെയിത്ര ഇഷ്ടം.

ഒന്നും നശ്വരമല്ല… സൌഹ്യതത്തിന്റെ ജീവിതത്തിനു ഒരു രസവും അർത്ഥവും ലക്ഷ്യവുമൊക്കെയുണ്ട്. അതാണു ഞാനും നീയും. ധ്യതി പിടിച്ച ജീവിതത്തിനിടക്ക് നിനക്കതോർക്കാൻ സമയമുണ്ടാവില്ലേ..? നിന്റെ സ്വഭാവം എനിക്കെത്രയിഷ്ടമാണെന്നോ… ഞാനും ഇയാളെ കുറച്ച് ഉപദേശിക്കട്ടെ..?? “Don’t hear evils; Don’t see evils; Don’t do evils”. സമയം നഷ്ടപെടുത്തരുത്. ഇന്നലേകൾ വന്നുകൊണ്ടേയിരിക്കും… അതെന്തിനാണു ഇന്നുകൾ നഷ്ടപ്പെടുത്തുന്നത്… ഇന്നത്തെ സമയത്തെ നഷ്ടപെടുത്തിയാൽ അതു നാളെയെ ബാധിക്കും. അപ്പോൾ നാളെയുണ്ടാവില്ല… എപ്പോഴും “ഇന്നലെ”കൾ മാത്രം ബാക്കി.

പ്രിയപ്പെട്ട ചങ്ങാതീ… ഉന്മേശത്തോടെ, പ്രസന്ന മനസ്സോടെ എന്ത് ദുർഘടകത്തെ നേരിട്ടാലും അതു തരണം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മറിച്ച് ചെറിയ കാര്യങ്ങൾക്കു പോലും വെറുപ്പും ശുണ്ഡിയും പ്രകടിപ്പിച്ചാൽ വിജയിക്കില്ലെന്നുറപ്പാണ്. മാത്രമല്ല സുന്ദരമെന്നഭിമാനിക്കുന്ന നമ്മുടെ സ്വന്തം മുഖം തന്നെ ഇരുണ്ടു വ്യർത്തികേടാകും.. അനുഭവം സാക്ഷി…!!

വിട… ഒന്നെനിക്കറിയാം.. എന്റെ സ്നേഹം സത്യമാണ്. അതു മാത്രമേ എനിക്കറിയൂ……….ഒരുപാടൊരുപാടിഷ്ടത്തോടെ..


കാലമേ കനിവേറെ തോന്നിയിട്ടൊന്നു നിൻ,
സ്പന്ദനം നിർത്തുമോ നീയീ മണ്ണിൽ..
ഒരുവട്ടം കൂടിയെന്നോർമ്മയിൽ നിൽക്കട്ടെ
കുളിരുള്ള സുന്ദരമാമധുരമാം നിമിഷങ്ങൾ
നീറുമീ നിമിഷത്തിൽ ഗദ്ഗദം കൊണ്ടെനിക്കിന്നൊരു
യാത്രാമൊഴിപോലുമോതുവാനാവുന്നില്ല
പകരം ഗദ്ഗദകണ്ഡങ്ങളാൽ വിറക്കുമധരങ്ങളിൽ
നിന്നൊരാശ്ലേഷമൊഴികളായ് കൊഴിയുന്നു നിന്നിലും….

(ഷെറീന റഷീദ്)



********************************************************************************************

ഒത്തു ചേരലിന്റെ മാസമായ ജൂലായിൽ നിന്നും വിരഹത്തിന്റെ മാസമായ ഈ മാർച്ചിലേക്കുള്ള പ്രയാണത്തിനിടയിൽ ഏതോ ഒരു നാളിൽ അപ്രതീക്ഷിതമായ കണ്ടുമുട്ടലിലൂടെ പരിചയപ്പെട്ട; അറിയാതെ അറിഞ്ഞും; അടുക്കാതെ അടുത്തും എനിക്ക് ലഭിച്ച എന്റെ പ്രിയ കൂട്ടുകാരാ….

വിരഹം പെയ്തിറങ്ങുന്ന ഈ ഫെബ്രുവരിയുടെ അന്ത്യയാമങ്ങളിൽ.. ഇനി ഞാൻ എന്താ പറയുക..? ഓർമ്മകളുടെ മുത്തുകൾ വാരി വിതറികൊണ്ട് ഈ കലാലയത്തിന്റെ കുന്നിറങ്ങുമ്പോൾ.. മനസ്സിൽ ഒരു പിടി നൊമ്പരങ്ങളും ഒത്തിരി ഒത്തിരി മോഹങ്ങളും ബാക്കിയാവുന്നു. എല്ലാ മോഹങ്ങളും ബാക്കിവെച്ച് നമ്മൾ യാത്രയാവുമ്പോൾ ഒത്തിരി പ്രതീക്ഷകൾ ബാക്കി നിൽക്കുന്നുണ്ടോ എന്നൊരു തോന്നൽ…!! കൊഴിയാൻ പോവുന്ന വാടിയ പൂവിന്റെ മിഴികളിൽ പാതി വിടരുന്ന മോഹം പോലെ……. മരണ വേദന അനുഭവിക്കുന്ന ഒരു ദൈവ സ്യഷ്ടിയുടെ ആഗ്രഹം പോലെ…… കുറച്ച് നിമിഷങ്ങൾ കൂടി നീണ്ടുകിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു..!

ആകാശത്തിലെ മഴവില്ല് പോലെ.. വെള്ളത്തിലെ നീർകുമിളകൾ പോലെ….നൈമിഷികമായ ഈ ജീവിതത്തിൽ മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം നെയ്ത് കൂട്ടി കാത്തിരുന്നതെല്ലാം വെറുതായാവുന്നുവോ എന്ന ആഥി… അതിലുണ്ടാവുന്ന നിരാശ… ഒന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലിൽ നിന്നുതിരുന്ന അപകർഷതാബോധം….!!! സങ്കല്പങ്ങളും പ്രതീക്ഷകളുമൊക്കെയായി കഴിഞ്ഞു പോയപ്പോൾ ഞാനും ഓർത്തില്ല.. വിരഹത്തിലൂടെ ഇതിനൊരു പരിസമാപ്തിയുണ്ടാവുമെന്ന്..!! ഇതുവരെ തോന്നാതിരുന്ന എന്തോ ഒരു വേദന എന്റെ ഹ്യദയദൂളികളിൽ കുത്തികയറുന്നുവോ…?? ആശാമരത്തിന്റെ ചില്ലകളിൽ നിന്നും കൊഴിഞ്ഞ് വീഴുന്ന സ്വപ്ന പൂക്കൾക്ക് ഇന്ന് നിരാശയുടേയും ദു:ഖത്തിന്റെയും ഗന്ധമുള്ളത് ഇപ്പോൾ ഞാനറിയുന്നു. തനിക്കതു അനുഭവപ്പെടുന്നുണ്ടോ…?? ഉണ്ടാവില്ല….ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവും.. എന്നിൽനിന്നല്ലാതെ.. മറ്റു പലരിൽനിന്നും… എന്നാലും എനിക്കു പിണക്കമോ.. ദേഷ്യമോ ഒന്നും ഇല്ലാട്ടോ…

കണ്ടുമുട്ടിയ അന്നു മുതൽ….ഇന്നേവരെ.. ആ മുഖത്ത് ദു:ഖത്തിന്റെ നിഴൽ പോലും ഞാൻ കണ്ടിട്ടില്ല…എപ്പോഴും പ്രസന്നഭാവത്തിലുള്ള ആ മുഖത്ത് നോക്കിയാൽ വിടരുന്ന ചെറുപുഞ്ചിരിക്ക് ഒരായിരം അഴകുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആ ചിരിയും, സന്തോഷത്തോടെയുള്ള സംസാരവും, നിഷ്കളങ്ക ഭാവവുമൊക്കെയാവാം എന്നെ ആകർഷിച്ചതെന്നു തോന്നുന്നു. എല്ലാം തുറന്ന് പറയാതെ, എന്നാൽ എന്തൊക്കെയോ പറഞ്ഞ് നിനക്ക് അദ്യശ്യയായ “അജ്ഞാത കാമുകി“യെ ഞങ്ങൾ അന്നു പരിചയപ്പെടുത്തി തന്നപ്പോൾ നീ അറിഞ്ഞിരുന്നോ… അത് ഈ “പൊട്ടത്തി”യായിരിക്കുമെന്ന്. ഞാൻ ഇവിടുന്ന് പോവുന്നത് വരെ നീ എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നും ആ “അജ്ഞാത കാമുകി”യായിരിക്കാനായിരുന്നു എനിക്കിഷ്ടം. അതുകൊണ്ടായിരുന്നു ഫോണിലൂടെ മാത്രം ആ കഥാപാത്രം നീയുമായി ബന്ധപ്പെടാൻ ഇഷ്ടപ്പെട്ടത്. പക്ഷെ….എല്ലാം അതിനു മുൻപേ നീ അറിഞ്ഞു… അതറിയാൻ നീ എന്തെല്ലാം അടവാണെടുത്തത്..…ഓർക്കുമ്പോൾ ചിരി വരുന്നു. ഒരു നിമിഷമത്തേക്കെങ്കിലും വിഷമങ്ങൾ മാറിയതു പോലെ…..!!!

പലപ്പോഴും എനിക്ക് നിന്നെ കാണുമ്പോൾ.. നീ മിണ്ടാതിരിക്കുമ്പോൾ… തോന്നിയിട്ടുണ്ട്…. ഈ “അജ്ഞാത കാമുകി“-യെ നീ ഇഷ്ടപെടുന്നില്ല എന്ന്…അല്പമെങ്കിലും വെറുപ്പോടെയാണു അവളെ കാണുന്നതെന്ന്…. എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ എന്നു പ്രാർത്ഥികാറാണ് ഞാൻ ചെയ്യാറ്. സത്യായിട്ടും നിനക്കെന്താടാ തോന്നുന്നത്..?? ഞങ്ങൾ നേരത്തേ പോവാണെന്നറിഞ്ഞപ്പോൾ, സന്തോഷം തോന്നീട്ടുണ്ടാവുമല്ലേ..?? ശല്ല്യങ്ങൾ ഒഴിവായല്ലോ…. ഇനിയെങ്കിലും കാമ്പസിൽ മറ്റുള്ള ക്ലാസുകളിൽ കയറി കളിക്കാമല്ലോ…ഞാനുണ്ടായാൽ.. അങ്ങോട്ട് നോക്കിയാൽ കുറ്റം… മറ്റുള്ളവരോട് സംസാരിച്ചാൽ കുറ്റം…കണ്ടിട്ട് മിണ്ടാതിരുന്നാൽ അതിനു കുറ്റം…. ഇനി..സംസാരിക്കാൻ വന്നാലോ പറയാൻ വിഷയവുമില്ല…ആകപ്പാടെ ഒരു “വല്ല്യടങ്ങേറ്”.. തന്നെ…!!! ഞാൻ പൊസ്സസ്സീവ് ആയിരുന്നുവല്ലേടോ…?? ഏതായാലും ഇനി എല്ലാം അവസാനിച്ചു. എല്ലാത്തിനും വിട പറഞ്ഞ് ഞങ്ങളുടെ ബാച്ച് അടുത്തയാഴ്ച യാത്രയാവുകയാണ്.

ഇതുവരെ തന്ന സൌഹ്യദത്തിനു നന്ദി…. തെറ്റുകൾക്കെല്ലാം മാപ്പ്…. ക്ഷമിക്കില്ലേടോ.. ഞാനായി ഉണ്ടാക്കിയ ഇഷ്യൂസിനും… ഞാനായി ഉണ്ടാക്കിയ മാനസിക പീഠനങ്ങൾക്കും….. ക്ഷമിക്കുമെന്ന് വിശ്വസിക്കട്ടെ….??

നിനക്കു നന്മകൾ നേരാം ഞാൻ……

മിഴിക്കോണിൽ വിടർന്ന നീർമൊട്ടുകൾ….
നിനക്കായിറുത്തു ഞാൻ മാല കോർക്കാം

വിതുമ്പാൻ കൊതിക്കുമീ അഥരങ്ങളിൽ…
മ്യദു മന്ദഹാസം നിറച്ചീടാം

ഒരു ദു:ഖസ്വപ്നമായ് ഓർമ്മകളിൽ
ഓമൽ പ്രതീക്ഷകൾ മറന്നു വെക്കാം…

നൊമ്പരമൊട്ടുകൾ കാണാതെ
കരളിലെ കൽതുറങ്കിൽ ഞാൻ മൂടിവെക്കാം

ചിറകറ്റ സ്നേഹം പക്ഷിയായ്
ആത്മശിഖിരങ്ങളിൽ തപസു ചെയ്യാം

ഒരു തുള്ളി സ്നേഹ തീർത്ഥത്തിനായ്..
വേഴാമ്പലായ് ഞാൻ കാത്തിരിക്കാം.

ഒരിക്കൽകൂടി എല്ലാ നന്മകളും നേരട്ടേ.. എന്നും.. എപ്പോഴും…. എല്ലായിടത്തും….!!

നിന്റെ “അജ്ഞാത കാമുകി“ (സജ്ന മഞ്ചേരി)

********************************************************************************************

ഡിയർ ഫസൽ, ഒരു ദീർഘ യാത്രയുടെ അവസാന ചുവടുകളിൽ..!!! ഈ ഫാമിലിക്കും ഇങ്ങിനെ ഒരു അവസാനമുണ്ടാകുമെന്നറിഞ്ഞില്ല…ഓർത്തില്ല. ശബ്ദ കോലാഹലങ്ങൾക്ക് വിട പറയാൻ നേരമായ്. ഓർക്കുമ്പോൾ.. എന്തോ..!! ഹ്യദത്തിന്റെ ആഴങ്ങളൊലെവിടെയോ നൊമ്പരപ്പുഴ ഒഴുകുന്നു. ഇല്ല…ആരും അറിഞ്ഞില്ലല്ലോ ഇങ്ങിനെ ഒരു അവസാനം…ഇത്രമാത്രം അടുത്തിട്ട്….!! ഇനിയൊരു പിരിയൽ…സഹിക്കില്ലെടാ….!!

കളിച്ച് ചിരിച്ച് കാമ്പസ് ആഘോഷിക്കുമ്പോഴും നിന്നെയൊരു പക്വമതിയെപോലെ തോന്നിയിരുന്നു എനിക്ക്. വളരെ വൈകിയാണ് ഇങ്ങിനെയൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായെതെങ്കിലും എനിക്ക് നിന്നെകുറിച്ച് പരാതിയില്ല..പരിതാപവുമില്ല…അവാച്യമെങ്കിലും ഹ്യദയത്തിന്റെ ആഴങ്ങളിൽ നിന്നും ആ വാക്ക് ഞാൻ പറയട്ടെ.. നിന്റെ ഈ സൌഹ്യതത്തിനു “നന്ദി”..!! നിനക്കുമാത്രമായി സ്നേഹത്തിന്റെ രണ്ടിറ്റു കണ്ണുനീർ കൂടി സമർപ്പിക്കട്ടെ!

ഞാനും, ഷഹ്ബാനിയും നീയുമടങ്ങുന്ന കുടുംബം… നീ “ഹസ്ബന്റും”, ഞാൻ “ഭാര്യയും”, ഷഹ്ബാന നമ്മുടെ “മിന്നുമോളും” ആയ ഒരു ക്യാമ്പസ് ഫാമിലി…!!! എന്തുമാത്രം അനുഭവങ്ങൾ നൽകിയ ജീവിത നിമിഷങ്ങൾ…!! ശരിക്കും നീയൊരു മാത്യകാഭർത്താവാണെടോ.. ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന സ്വഭാവഗുണങ്ങളുള്ളയാൾ…..ഒരു ഭർത്താവിന്റെ സ്ഥാനത്തിരുന്നു എന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും, പ്രോത്സാഹനങ്ങൾ നൽകുകയും, ശാസിക്കുകയും ചെയ്തയാൾ…..!! ഒരു മകളെ എങ്ങിനെ സ്നേഹിക്കണം… അവരെ എങ്ങിനെ നയിക്കണം എന്നു നമുടെ “മിന്നുമോൾ”-ൽ കൂടി പഠിപ്പിച്ച മാത്യകാപിതാവ്….!! യഥാർത്ഥജീവിതത്തിൽ ഇയാൾ ശരിക്കും അങ്ങിനെയൊക്കെ ആയിരുന്നെങ്കിൽ എന്നാശിച്ച എത്രയോ നിമിഷങ്ങൾ… എല്ലാം മായുകയാണല്ലോടാ… നമ്മുടെ ഈ അത്യപൂർവമായ “കാമ്പസ് ഫാമിലി”.

എന്നെ സംബന്ധിച്ച് അനശ്വരതയുടെ ചക്ക്രവാളങ്ങളിലെവിടെയോ…നീ…… നീ….മറയുമ്പോൾ…. എവിടെ വെച്ച് കാണും…എന്ന് കാണും… ഒന്നും എനിക്ക് അറിയില്ലെടാ… എങ്കിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു… യുവത്വത്തിന്റെ മാധുര്യങ്ങളിലേക്കുള്ള പ്രയാണത്തിനിടെ വഴി തെറ്റിയിട്ടില്ലാത്ത, അറിയുന്നവരെയൊന്നും വഴിതെറ്റാൻ അനുവദിക്കാതിരുന്ന എന്റെ “ഹസ്“… എന്നേയും നമ്മുടെ മിന്നു മോളേയും മറക്കരുത്ട്ടോ…

लग ज़िन्दगी को अंजाम

എല്ലാവരുടെയും ഇടയിൽ നിന്നും നീ മാത്രം..എനിക്ക്…എനിക്കറിയില്ലെടാ… നിന്നേകുറിച്ചോർക്കുമ്പോൾ…ഹ്യദയം നോവുന്നു.. പക്ഷെ…ഓർമ്മയിലെ ഇന്നലേകളുടെ ഡയറി മറിക്കുമ്പോൾ നീയെനിക്ക് ഒരു മാർഗദർശിയാണ്. പിന്നെയൊരു വഴികാട്ടിയും.. ആരും പറഞ്ഞില്ലേലും.. ആരും അറിഞ്ഞില്ലേലും നീ എനിക്കെല്ലാമെല്ലാം ആയിരുന്നു.

जब जब बहार आये ...
मुझे तुम याद आये ...!!!

എന്നാലും ഈയൊരവസാനം..അതും അപ്രതീക്ഷിതമായികൊണ്ട്..ഇത്ര വേഗം…..?? പക്ഷെ, എല്ലാം ക്ഷമിക്കാല്ലേ…. അല്ലാതെന്ത് ചെയ്യും.?? എന്റെ സങ്കല്പത്തിലെ “ഹസ്ബന്റിനു” നന്മകൾ മാത്രം നേരട്ടേ… ഈ എഴുത്തിന്റെ അവസാനമായി പരം പൊരുളിനോടൊരു യാചന…: നാഥാ….. ഞങ്ങൾക്ക് നീ നേർമാർഗ്ഗം കാണിക്കണേ… നിന്റെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ…..

അർപ്പണത്തോടെ “പൂമാനം” (നജ്മ കരുവാരകുണ്ട്)

********************************************************************************************

നിന്റെ ഈ ഓർമ്മക്കുറിപ്പിലേക്ക് എന്നേയും സ്വഗതം ചെയ്ത നിന്നോട് നന്ദി പറയട്ടെ ഫസലൂ. സന്തോഷത്തോടെയും ദു:ഖത്തോടെയും പാരകളിലൂടെയും രണ്ട് വർഷങ്ങൾ കഴിച്ച് കൂട്ടിയ നമ്മൾക്കിടയിൽ വന്ന തെറ്റുകൾ പരസ്പരം പൊറുക്കാമല്ലേ…ഈ കാമ്പസ് ജീവിതത്തോട് വിട പറയുന്നതിനെ കുറിച്ചോർക്കുമ്പോൾ വെറും കണ്ണുനീർ മാത്രം ബാക്കി….!!! നമ്മുടെയിടയിൽ കുഞ്ഞിക്കുട്ടൻ എന്ന രീതിയിൽ തരികിട കാണിക്കുന്ന “രഞ്ജു”; താളാത്മകതയോടെ സംസാരിക്കുന്ന അനുഭമ എന്ന വിനു; എല്ലാം പുഞ്ചിരിയിലൊതുക്കി ശാന്തതയോടെയുള്ള നാസി… ഇവരുടെയെല്ലാം തലവൻ എന്ന രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫസലു…ഇവരെയെല്ലാം കൂട്ടിയിണക്കാൻ രൂപീകരിച്ച ഗ്രൂപ്പ് “VARF”… എങ്ങിന്റെ മറക്കാൻ…അല്ലേ….നിങ്ങളെ എന്നും മനസ്സിൽ നിഴൽ പോലെ സൂക്ഷിക്കുന്ന ഷബ്ന എന്ന എന്നെ നിങ്ങൾ മറക്കാതിരിക്കില്ലേ..?

സാറന്മാരിൽ നിന്നും ഒരുപാട് വെറുപ്പുകൾ സമ്പാദിച്ച് അവരെ തലവേദന പിടിപ്പിച്ച നമ്മൾ അവസാന നിമിഷത്തിൽ കോളേജ് പടിയിറങ്ങിമ്പോൾ ബാക്കിയുള്ളത് വേർപ്പാടിന്റെ വിരഹദുഖം മാത്രം…!!!

നിങ്ങൾക്കിടയിൽ “എലഫെന്റ്” എന്നറിയപ്പെട്ടിരുന്ന “ഡുണ്ടു”; പുഞ്ചിരിയിൽ നിന്നും മുക്തി നേടാൻ വിഷമിക്കുന്ന നമ്മുടെ “പൊന്നു”; സാഹിത്യത്താലും പൊട്ടിച്ചിരിയാലും വായടക്കാത്ത “ടുട്ടു”; ഉണ്ടമണി എന്ന പേരിലും പാലാഴി എന്ന പേരിലും അറിയപ്പെട്ടിരുന്ന നമ്മുടെ “കിച്ചു”; പുസ്തകപുഴുവായ ഔട്ടർ കാസ്റ്റ് “കുഞ്ഞു”; നിങ്ങളോടെല്ലാം വഴക്കടിച്ച് വെറുപ്പിക്കുന്ന നിങ്ങളുടെ “മുത്തു”… എവരെല്ലാം ഒത്തു ചേർന്ന അതിമാരകമായ പുതിയ രാസഘടകം H2S4….!!!.

പുഞ്ചിരിയാലും പാരയാലും നമ്മുടെ സ്വന്തമെന്നു പറയാവുന്ന പാറു ടീച്ചർ; പാരയാലും വഴക്കിനാലും സമയം ചെലവഴിക്കുന്നതും, മുഖത്ത് നോക്കി എന്തും പറയുന്ന “ക്രിക്കറ്റർ സന്തോഷ് സാർ”; മറ്റുള്ളവരെ പേടിച്ച് ചിരിക്കാൻ പോലും ഭയം കാണിക്കുന്ന കമാൽ സാർ; കണ്ണടക്കു മുകളിലൂടെ നാലു കണ്ണുകൊണ്ട് ക്രൂരമായി നോക്കി ഇഗ്ലീഷ് പ്രോസ് പഠിപ്പിക്കുന്ന ലാൽ സാർ…ഇവരുടെയെല്ലാം നോട്ടപുള്ളികളായ നമുക്ക് തിരിയാനും മറിയാനും പോലും അനുവാദം ചോദിക്കേണ്ടി വന്ന അവസ്ഥ ഓർക്കുന്നുണ്ടോ..??

ഏതായാലും; കോളേജിൽ തിളങ്ങിയ പോലെ; മറ്റുള്ളവർക്കിടയിൽ എപ്പോഴും നേതാവായിരുന്നപോലെ ഫസലുവിനു യഥാർത്ഥ ജീവിതത്തിലും നല്ലതു മാത്രം ആശംസിക്കട്ടെ…. വീണ്ടും കാണാമെന്ന വിശ്വാസത്തോടെ –

(ഷബ്ന വെള്ളാങ്ങാട്)

********************************************************************************************

ഫസലൂ…. എന്റെ ഇത്രയും കാലത്തെ കലാലയ ജീവിതത്തിൽ നിങ്ങളെ പോലുള്ള നല്ല കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. എങ്കിലും ഒന്നു പറയട്ടെ… ജീവിത വഴിത്താരയിൽ കണ്ടുമുട്ടിയ ഒരു ഉത്തമ ചങ്ങാതിയാണു നീ. ഇന്നലെയുടെ ഓർമകളിൽ നീ തന്ന സൌഹ്യതവും നിന്റെ സ്നേഹവും വിശ്വസ്നേഹത്തിന്റെ വെളുത്ത പൂക്കളായ് എൻ മനസ്സിൽ കുടിയിരുത്തട്ടെ…

കോട്ടകൾ കെട്ടി മനസ്സിനെ നിരന്തരം പീഠിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ മനസ്സിന്റെ വികാസം മുരടിക്കുന്നു. ആ ശുദ്ധജല പ്രവാഹത്തെ കെട്ടി നിർത്താതെ ഒഴുകാൻ അനുവദിക്കൂ. ഇന്നലെകളുടെ ഓർമകളിൽ നിന്നും മോചനം നേടിയ മനസ്സാണു യഥർത്ഥം.

ഏകാന്തതയുടെ യാനപാത്രത്തിൽ നീലജലാശയമാവുന്ന ജീവിതപാതയിലൂടെ സഞ്ചരിക്കുമ്പോൾ നേരിടെണ്ടി വരുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യാനുള്ള ശക്തിയും മനോഭലവും നിനക്കുണ്ടാവട്ടെ എന്ന പ്രാർഥനതോടെ

സസ്നേഹം (ആയിഷ)

********************************************************************************************

എന്റെ പ്രിയപ്പെട്ട ചെമ്മീൻ… എന്താടാ ഞാൻ ഇതിൽ എഴുതേണ്ടത്.. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഇതിൽ ഒതുങ്ങുമോ...? എനിക്ക് സ്നേഹത്തോടെയും സങ്കടത്തോടെയും തന്നതുകൊണ്ട് ഒന്നും എഴുതാതെ തിരിച്ചു തരാൻ മനസ്സ് സമ്മതിക്കുന്നില്ല. അതുകൊണ്ട്…..

നമ്മൾ വളരെ പെട്ടെന്നാണു അടുത്തത്. പക്ഷെ അതിനു മുൻപേ ഞാൻ എന്റെ ചെമ്മീനിൽ എന്തോ സ്പെഷ്യാലിറ്റി കണ്ടിരുന്നു. ഒപ്പം ആരും അറിയാതെ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നുള്ള ആ സ്പെഷ്യാലിറ്റിയായിരിക്കാം തന്നിലേക്ക് എന്നെ അടുപ്പിച്ചത്. മുഖത്തെ നിഷ്കളങ്കഭാവത്തോടെയുള്ള ഏകാന്തമായ പ്രാക്യതം…. അത് കാണാൻ നല്ല രസമാണ്. എനിക്കിഷ്ടപ്പെട്ട ഗുഡ് ക്യാരക്റ്റർ… ഗുഡ് പേർസണാലിറ്റി…പിന്നെ…….വേറെന്തൊക്കെയോ.. “ചെമ്മീൻ” എന്ന പേരു വന്നത് എങ്ങിനെയാണെന്നോർക്കുന്നുണ്ടോ…?

ഒരുപക്ഷെ ഞാൻ മുന്നെ പറഞ്ഞ പോലെ നമ്മൾ കഴിഞ്ഞ ജന്മത്തിലെ പരിചയക്കാരാകാം. അതുകൊണ്ടാകാം പരസ്പരം പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതും… എത്ര പെട്ടെന്നാ നമ്മുടെ ഈ മൂന്നു വർഷം അവസാനിച്ചത് അല്ലേ.. സമയത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ…. ഞാൻ അതു ചെയ്തേനെ….

അരെങ്കിലും ബഞ്ചിന്റെ അറ്റത്തിരുന്നാൽ പെട്ടെന്നുള്ള തന്റെ ഒരു സർകസ്സും, എന്നിട്ട് ആരും അറിയാതെയുള്ള ആ ഇരുത്തവും.. എന്തെങ്കിലുമൊരു വാക്ക് പറഞ്ഞ് സസ്പെൻസ് ആക്കിയാൽ അത് അറിയാനുള്ള ത്യഷ്ണയും, മുഴുവനായി പറയിപ്പിക്കാനുള്ള കുറുക്കുവഴികളും….. ക്ലാസിലിരിക്കുമ്പോൾ, എന്റെ മനസ്സിനെ ഒരു നിമിഷം പോലും സ്വപ്നലോകത്തേക്ക് വിടാതെ സ്റ്റോക്ക് ചെയ്ത് വെച്ച കുഞ്ഞൻകല്ലുകൊണ്ട് നോവിക്കാതെയുള്ള എറിയലും.. ഇടക്ക് വേദനിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന നിന്റെ സാഡിസവും….എല്ലാം ഇനി എത്ര നാൾ കൂടി…?

ഇന്നലെയീ നിലാവിൻ
തീരത്തെ കറ്റിനറിയാം
നാളെയീ ഭൂവിനെ നോക്കും
ശ്വേത കുസുമത്തിനറിയാം
ഇന്നലെകളിലെയ്ന്റെ
സ്വപ്നഗേഹത്തിലാരെന്ന്

ചെമ്മീൻ… കഴിയുന്നില്ലേടോ…. ഇനിയങ്ങോട്ട് എഴുതാൻ… എന്തൊക്കെയോ…സങ്കടമാണോ…. അറിയില്ല….!

ഒത്തിരി നന്മകൾ നേരുന്നു…. എന്നുമെന്നും ഓർമ്മയിൽ ഉണ്ടാവുമെന്ന വാഗ്ദാനത്തോടെ….

കുഞ്ഞോൾ (സിന്ദു വണ്ടൂർ)

********************************************************************************************

ഒരു നാടൻപാട്ട് പാടട്ടെ…?


ആലങ്ങാട്ടാലിൻ മുകളിൽ
അഞ്ചെട്ട് ചക്കയുണ്ടേ…
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

കുറുന്തോട്ടി വേരിൻ മുകളിൽ
മൂന്നാള്- തൂങ്ങിച്ചത്തേ….
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

മൂന്നാഴി വെള്ളച്ചാലിൽ
മൂന്നാനേ – മുങ്ങിച്ചത്തേ…
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

ഈ കല്ലുവെച്ച നുണ കേട്ടാൽ നീ സർപ്രൈസ് ആവില്ലെന്നെനിക്കറിയാം. കാരണം, ആർട്സ്-ഡേയിൽ നുണപറയൽ മത്സരം കൊണ്ടു വന്നതും, ഒന്നാം സ്ഥാനം വാങ്ങിയതും നീയാണല്ലോ…!!!!

നിന്റെ തലക്കിട്ടൊരു കിഴുക്കു തന്നു എന്ന സന്തോഷത്തോടെ…

(ഉരുളക്കിഴങ്ങ് സുഹറ.)

(നോട്ട്: ഇപ്പോൾ ഈ ഉരുളകിഴങ്ങിനെ നിനക്ക് ദേഷ്യമായിരിക്കും. പക്ഷെ.. നീയെങ്ങാനും ഗൾഫിൽ പോയാൽ അതു മാത്രമേ നീ കഴിക്കൂട്ടോ…ഹി.ഹി..ഹി)

********************************************************************************************


എന്നെ പരിചയമൊന്നും കാണില്ല. പക്ഷെ എനിക്കറിയാം.. ഫസ്ലൂനെയും, നിങ്ങടെ ഗ്രൂപ്പിനെയും… എന്റ്നിയത്തി സാബി നിങ്ങളെ കുറിച്ച് എല്ലാം എന്നോട് പറായാറുണ്ട്.. എല്ലാ ദിവസവും. അപ്പോഴൊക്കെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണം.. പരിചയപ്പെടണം എന്നൊക്കെ ആഗ്രഹിച്ചു. പക്ഷെ ഇനിയത്…??

സാരമില്ലാ അല്ലേ….. ഓരോ മാർച്ച് വരുമ്പോഴും നിങ്ങളൊക്കെ പറയുന്നപോലെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നമുക്ക് കാണ്ടുമുട്ടാം. ഒരു പക്ഷെ കാണാൻ സാധിച്ചില്ലേലും ഫസലുവിന്റെ ഓർമയുടെ താളിൽ മൈലുകൾക്കിപ്പുറത്തിരുന്ന് നിങ്ങളെയൊക്കെ കാണാനും പരിചയപ്പെടാനും കൊതിക്കുന്ന ഈ പെങ്ങളുടെ മുഖമുണ്ടാവണം.

ഈ അവസാന നിമിഷത്തിൽ എന്താ ഞാൻ എഴുതേണ്ടേ.. എല്ലാവരും പറയുന്ന ആൾ ദി ബെസ്റ്റ് മതിയോ..?? അനിയനു , എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ഉപദേശം തരട്ടെ… സ്നേഹം. ക്ഷമ.. ഇവ രണ്ടും കൈമുതലായിട്ടുണ്ടേൽ ജീവിതത്തിലൊരിക്കലും തോൽക്കേണ്ടി വരില്ല…

(ജാസ്മിൻ മോൾ; c/o സാബി).

********************************************************************************************

6 comments:

  1. GREAT DA......................
    I REMEMBER EVERYTHING
    VARFS, H2SO4,SANA,SURA, AUGUST 15TH, CALICUT BEEACH, UNDA, SAJEEB, KARGIL FUND, POLITE (MAYA TEACHER), OODHARUDHU PARUM (PARU TEACHER), THUPPAL THERIPPIKKUM INSURANCE SIR, PALLU THEKKATHA SIR.. ANGHANE ANGHANE ENDHOKKE..........................

    ReplyDelete
    Replies
    1. അതെ വിനീഷ്..... എല്ലാം. ഓർക്കുമ്പോൾ... ആ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു... കമന്റിനു നന്ദി

      Delete
  2. കൊഴിഞ്ഞ കാലത്തിന്‍റെ മധുര സ്മരണകളെ പുനര്‍ ജനിപ്പിക്കുന്നതില്‍ ഓട്ടോ ഗ്രാഫുകളുടെ പങ്ക് നിസ്തുലമാണ്..
    നന്നായിരിക്കുന്നു..ഫസ്ളൂ....ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി സഹീ..ഭായ്..... താങ്കൾ പറഞ്ഞതെത്ര ശരി....

      Delete
  3. മച്ചൂ എന്തൊരു മാത്രം കാമുകിമാണ്, ഷൊ കൊതിപ്പിച്ചു ഇഹിഹിഹി

    ഒരു പാട് നല്ല ഓർമകളിലേക് കൊണ്ടൂ പോയി,

    വിസ്മയങ്ങളായിരുന്നന്ന്
    വിക്ഞാനികത്ക്കപ്പുറം
    വികടതകളേടൊത്ത്
    വിടപറഞ്ഞാ കാലം

    ReplyDelete